
തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ ശാസ്ത്രീയമായി മാലിന്യമുക്തമാക്കി ഭൂമി വീണ്ടെടുക്കുന്നതിന് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ ലക്ഷ്യമിടുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ 34 ഓളം പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങള് കണ്ടെത്തി ഇവിടങ്ങളിൽ പ്രാരംഭ നടപടികൾ ആരംഭിച്ചു. മാലിന്യം വേർതിരിച്ച് സംസ്കരിച്ച് അതതിടങ്ങളിലെ ഭൂമി പുനരുപയോഗ യോഗ്യമാക്കി മാറ്റും.
“കേരളത്തിലെ നഗരങ്ങളെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കുന്നതിനാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ നഗരസഭകളിലും കോർപ്പറേഷനുകളിലും പദ്ധതി പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി ഭൂമി വീണ്ടെടുക്കുകയെന്നത് വളരെ പ്രാധാന്യത്തോടെ ആദ്യഘട്ടത്തിൽ തന്നെ ഏറ്റെടുക്കുകയാണെന്ന് തദ്ദേശ സ്വയഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
വര്ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട മിശ്ര മാലിന്യ കൂമ്പാരങ്ങള് ശാസ്ത്രീയമായി വേർതിരിച്ച് പൂര്ണമായും പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളില്ലാതെ സുരക്ഷിതമായി സംസ്കരിക്കുകയും, പുനരുപയോഗ സാധ്യത ഇല്ലാത്തവ ശാസ്ത്രീയമായി പ്രത്യേക സാനിറ്ററി ലാന്ഡ്ഫില് കേന്ദ്രങ്ങള് നിര്മിച്ച് നിർമാർജ്ജനം ചെയ്യുന്നതിനും പദ്ധതിയിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യങ്ങളുടെ സ്വഭാവം ശാസ്ത്രീയ പഠനങ്ങളിലൂടെ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാകും ഈ മാലിന്യങ്ങൾ തരം തിരിച്ചു മാറ്റുന്നതിന് ഏതൊക്കെ മാർഗങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുക. ആവാസവ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഒരു കോട്ടവും സംഭവിക്കാതെ ശാസ്ത്രീയമായിട്ടാകും ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കാലങ്ങളായി ഈ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പാരിസ്ഥിക ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .
ലോക ബാങ്കിന്റേയും ഏഷ്യന് ഇന്ഫ്രസ്ട്രെക്ചര് ഇന്വെസ്റ്റ്മെന്റ് ബാങ്കിന്റേയും സഹായത്തോടെ സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഈ ബൃഹത് പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില് പ്രാദേശിക സവിശേഷതകള് പരിഗണിച്ച് സമഗ്ര ഖരമാലിന്യ പരിപാലന മാസ്റ്റര്പ്ലാന് തയ്യാറാക്കി ആറു വര്ഷ കാലയളവില് പൂര്ത്തീകരിക്കും. കേരളത്തിലെ നഗരങ്ങളിലെ മുഴുവന് വീടുകളും സ്ഥാപനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.