
തൃശ്ശൂർ: കേരളത്തിലെ നഗരങ്ങളിലെ ഖരമാലിന്യ പരിപാലനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർക്കുള്ള ത്രിദിന പരിശീലന പരിപാടി മുളംകുന്നത്തുകാവ് കിലയിൽ (Kerala Institute of Local Administration) നടന്നു. കേരളത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലെ ഖരമാലിന്യ പദ്ധതികളെ ശാക്തീകരിക്കുന്നതിനൊപ്പം നഗരസഭാ അടിസ്ഥാനത്തിൽ ഖരമാലിന്യ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ യു. വി. ജോസ് പറഞ്ഞു.
മൂന്ന് ദിവസമായി നടന്ന പരിശീലന പരിപാടിയിൽ പദ്ധതിയുടെ സംസ്ഥാന നിർവഹണ യൂണിറ്റ്, ജില്ലാതല നിർവഹണ യൂണിറ്റ്, നഗരസഭകളിലെ നിർവഹണ യുണിറ്റ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസുകൾ നയിച്ചു.
പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ 93 നഗരസഭകളിലും പുരോഗമിക്കുകയാണ്. പദ്ധതി നിർവ്വഹണത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന, ജില്ലാ, നഗരസഭാതല യൂണിറ്റുകൾ പൂർണ്ണമായി പ്രവർത്തന സജ്ജമായി. ഇതോടൊപ്പം മാലിന്യ പരിപാലനത്തിൽ പ്രാവീണ്യം തെളിയിച്ച വിവിധ ഏജൻസികളുടെയും, സാങ്കേതിക വിദഗ്ധരുടെയും സേവനവും എല്ലാ തലങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്.