1. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആവശ്യകത എന്ത്?

കേരളത്തിലെ നഗരങ്ങള്‍ പ്രതിവര്‍ഷം 2.2 ദശലക്ഷം ടണ്‍ ഖരമാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. വീടുകള്‍, ഓഫീസുകള്‍, കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യം ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും  ശാസ്ത്രീയമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതില്‍ വിവിധ  ശ്രമങ്ങള്‍ നടന്നുവെങ്കിലും അതില്‍ വലിയ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളും നഗരഭരണകൂടങ്ങളും പലവിധ ഇടപെടലുകള്‍ നടത്തുന്നുവെങ്കിലും വലിയൊരു ശതമാനം മാലിന്യവും തുറസ്സായ സ്ഥലങ്ങളില്‍ തള്ളുന്ന രീതി തുടരുകയാണ്. ഈ മാലിന്യങ്ങള്‍ നഗരങ്ങളിലെ അഴുക്കുചാലുകളിൽ അടിഞ്ഞുകൂടുകയും പ്രാദേശിക ജലസ്രോതസ്സുകളെ മലിനമാക്കുകയും ചെയ്യുന്നു. ഇത്തരം മാലിന്യക്കൂമ്പാരങ്ങള്‍ കീടങ്ങള്‍, അണുക്കള്‍, രോഗങ്ങള്‍ എന്നിവയുടെ പ്രജനന കേന്ദ്രമായി മാറുകയും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ അപകടമുണ്ടാക്കുകയും ചെയ്യും.

കേരളത്തിലെ പട്ടണങ്ങളും നഗരങ്ങളും വൃത്തിയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള ഖരമാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും (എഐഐബി) സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. നല്ല  രീതികൾ  നിലനിർത്തുന്നതിനൊപ്പം, ആഗോളതലത്തില്‍ വിജയകരമായ ഖരമാലിന്യ സംസ്‌കരണത്തിലെ മികച്ച രീതികള്‍ നടപ്പിലാക്കുന്നതിന് ഈ പദ്ധതി സംസ്ഥാനത്തെ സഹായിക്കും.

2. പദ്ധതിയുടെ സാധ്യത എന്താണ്?

സംസ്ഥാനത്തെ 93 നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ പരിപാലന സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും  ഈ പദ്ധതി സഹായിക്കുന്നു.

നഗരസഭാ പരിധികളില്‍ നിലവിലെ ഖരമാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം നയരൂപീകരണം, സാങ്കേതിക പിന്തുണ, അധിക മാനവവിഭവശേഷി, നിലവിലുള്ള ജീവനക്കാരുടെ പരിശീലനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കും. ഖരമാലിന്യങ്ങള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പദ്ധതി ഉറപ്പാക്കുന്നു.

3. പദ്ധതിയുടെ ചെലവ്, കാലാവധി എത്ര?

പദ്ധതിയുടെ ആകെ അടങ്കല്‍ 300 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 2300 കോടി രൂപ). ലോകബാങ്കിന്റെ വിഹിതം 105 ദശലക്ഷം യുഎസ് ഡോളറും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) വിഹിതം 105 ദശലക്ഷം യുഎസ് ഡോളറുമാണ്. 90 മില്യണ്‍ യുഎസ് ഡോളറായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. മൊത്തം പദ്ധതി നിര്‍വഹണ കാലാവധി ആറു വര്‍ഷമാണ് (2021-27).

4. ആരാണ് പദ്ധതി പ്രവര്ത്തനങ്ങള്നടപ്പിലാക്കുന്നത്?

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് (എല്‍എസ്ജിഡി) കീഴില്‍ ഒരു സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (എസ്പിഎംയു) രൂപീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തങ്ങളുടെ ആസൂത്രണവും നിര്‍വഹണവും അതത് നഗരസഭകള്‍ നിര്‍വഹിക്കും. കെഎസ്ഡബ്ല്യുഎംപിയുടെ ജില്ലാ തല പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ (ഡിപിഎംയു) പദ്ധതിയുടെ ആസൂത്രണ നിര്‍വ്വഹണവും നിരീക്ഷണ പ്രവര്‍ത്തനങ്ങളും  ഏകോപിപ്പിക്കും.  ഇതോടൊപ്പം, നഗരസഭകൾക്കുള്ള  ഫണ്ട്  വിതരണം, പദ്ധതി ഘടകങ്ങളുടെ അംഗീകാരം, അവലോകനം   എന്നിവ  സംസ്ഥാന പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുമായി ചേർന്ന്   ഡിപിഎംയു  ഏകോപിപ്പിക്കും.

നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രാദേശിക അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും ഉള്‍പ്പെടെ പദ്ധതിയുടെ സംസ്ഥാനതല നയ രൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല എസ്പിഎംയുവിനായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റിയാണ് പദ്ധതി നടത്തിപ്പിന് മൊത്തത്തിലുള്ള മേല്‍നോട്ടവും മാര്‍ഗനിര്‍ദേശവും നല്‍കുന്നത്.  തദ്ദേശ  സ്വയം  ഭരണ  വകുപ്പ്  അഡീഷണൽ  ചീഫ്  സെക്രട്ടറിയുടെ  നേതൃത്വത്തിലുള്ള  എംപവേർഡ് കമ്മിറ്റി  പദ്ധതിക്കാവശ്യമായ  അംഗീകാരങ്ങൾ  സമയബന്ധിതമായി  ഉറപ്പാക്കുന്നു.

5. ഈ പദ്ധതി കൊണ്ട് ജനങ്ങള്ക്കു ലഭിക്കുന്ന പ്രയോജനമെന്ത്?

കേരളത്തിലെ 87 മുന്‍സിപ്പാലിറ്റികളും 6 കോര്‍പറേഷനുകളും അടക്കം 93 തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ വരുന്ന ഓരോ വീടുകളും  സ്ഥാപനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും,  ഇവിടങ്ങളിൽ  നിന്ന് ജൈവ-അജൈവ  മാലിന്യങ്ങൾ,   നിര്‍മാണവും പൊളിച്ചു മാറ്റലും മൂലം ഉണ്ടാകുന്ന സി & ഡി മാലിന്യങ്ങള്‍, എന്നിവയടക്കം   എല്ലാത്തരം  മാലിന്യങ്ങളുടെയും  ശേഖരണവും  സംസ്കരണവും  പദ്ധതിയിലൂടെ  ഉറപ്പാക്കും.  സംസ്ഥാനത്തെ നഗരങ്ങളിലെ മുഴുവന്‍ ഖരമാലിന്യ പരിപാലന  ശൃംഖലയും മെച്ചപ്പെടുത്തും. മാലിന്യം തരംതിരിക്കൽ, ശേഖരണം, കൈമാറ്റം , സംസ്‌കരണം, എന്നിവ മുതല്‍ ജൈവ, അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം അല്ലെങ്കില്‍ നിര്‍മാര്‍ജ്ജനം എന്നിവ മെച്ചപ്പെടുത്താനും  ഈ പദ്ധതി സഹായിക്കും. ഈ പദ്ധതിയിലൂടെ ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും കഴിയും.

6. പദ്ധതിയില്നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്?

ഓരോ നഗരവാസിക്കും മാലിന്യരഹിതമായ ചുറ്റുപാട്  ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള പ്രാഥമിക ഏജന്‍സിയാണ് ഓരോ തദ്ദേശ സ്വയഭരണ സ്ഥാപനവും. നഗരങ്ങളിലെ ഖരമാലിന്യ പരിപാലന ശൃംഖല മെച്ചപ്പെടുത്തുന്നതിനു അവരുടെ സ്ഥാപനപരവും സേവന വിതരണ സംവിധാനവും ശക്തിപ്പെടുത്തുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനായാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് (എസ്പിഎംയു), ജില്ലാ തല പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകള്‍ (ഡിപിഎംയു), പ്രൊജെക്ട് ഇമ്പിളിമെന്റെഷന്‍ യൂണിറ്റ് (പിഐയു), വിവിധ കണ്‍സള്‍ട്ടന്‍സികള്‍ എന്നിവരുടെ സഹായത്തോടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്ക് ഖരമാലിന്യ പരിപാലനത്തിന് ആവശ്യമായ സാങ്കേതിക സഹായവും, പദ്ധതി നിര്‍വഹണത്തിന് വേണ്ട പിന്തുണയും കേരള ഖരമാലിന്യ പരിപാലന പദ്ധതി ഉറപ്പാക്കുന്നു. പദ്ധതി മൂലധനത്തിന്റെ 50 ശതമാനം അതായത് 150 മില്യണ്‍ യുഎസ് ഡോളര്‍ നഗര തദ്ദേശസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഉപ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായമായി അനുവദിക്കും.

7. നഗര തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്ക്കുള്ള ഗ്രാന്റുകളുടെ മാനദണ്ഡങ്ങള്എന്തൊക്കെയാണ്?

പദ്ധതിയിൽ  നഗര തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്കുള്ള മൊത്തം സാമ്പത്തിക സഹായം അടിസ്ഥാന (ബേസിക്), പ്രോത്സാഹന (ഇന്‍സെന്റീവ്) ഗ്രാന്റുകളായി 150 ദശലക്ഷം ഡോളര്‍ വകയിരിത്തിയിട്ടുണ്ട്. മൊത്തം തുകയുടെ 40%  ബേസിക് ഗ്രാന്റാണ്,  നഗര തദ്ദേശ സ്ഥാപനങ്ങള്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവയ്ക്കുമ്പോൾ ഇതിന് അർഹരാകും. ബാക്കി 60% തുക മാനദണ്ഡങ്ങൾക്ക്  വിധേയമായിട്ടായിരിക്കും  പ്രോത്സാഹന ഗ്രാന്റായി   നല്‍കുന്നത്.

ഇൻസെന്റീവ്  ഗ്രാന്റിന് വേണ്ട മാനദണ്ഡങ്ങള്‍:

)  5 വർഷത്തേക്കുള്ള ഖരമാലിന്യ പരിപാലന പ്ലാൻ തയ്യാറാക്കൽ.

ബി) സർക്കാരിൻറെ  ഖര മാലിന്യ പരിപാലന  നയം അനുസരിച്ചുള്ള ബൈലോ നിർമിക്കൽ

സി) ഖരമാലിന്യ പരിപാലന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി ഭൂമി ലഭ്യമാക്കൽ

8. ജനങ്ങളുടെ നിര്ദ്ദേശങ്ങള്‍/ ആശങ്കകള്പദ്ധതിയുടെ ഭാഗമായി കണക്കിലെടുക്കുമോ?

കേരള ഖരമാലിന്യ പരിപാലന പദ്ധതി നടത്തിപ്പിന്റെ പ്രധാന ഘടകമാണ് പൊതുജന പങ്കാളിത്തം. ഓരോ നഗര തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും ഖരമാലിന്യ പരിപാലന പദ്ധതി രൂപരേഖ  വിപുലമായ കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ സപ്പോർട്ട്  കണ്‍സള്‍ട്ടന്റിന്റെ സഹായത്തോടെ രൂപപ്പെടുത്തും. ഈ പദ്ധതി രൂപരേഖയിലൂടെ കണ്ടെത്തുന്ന  പദ്ധതികളും ഉപപദ്ധതികളും വാര്‍ഡ് സഭകളിലും വികസന സെമിനാറുകളിലും നേരിട്ട് പൊതു അവലോകനത്തിന് വിധേയമാക്കുകയും തുടര്‍ന്ന് അംഗീകാരത്തിനായി വാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി സമര്‍പ്പിക്കുകയും ചെയ്യും.

പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളേയും ലഘൂകരണ നടപടികളേയും കുറിച്ച് സമൂഹത്തെ ബോധ്യപെടുത്തുന്നതിനുള്ള പബ്ലിക് ഹിയറിംഗും, കണ്‍സല്‍ട്ടേഷനും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും.

9. ജനങ്ങള്ക്ക് പദ്ധതിയെക്കുറിച്ചുള്ള പരാതികള്സമര്പ്പിക്കാന്ഒരു പരാതി പരിഹാര സംവിധാനം ഉണ്ടോ?

ഉണ്ട്. പരാതി പരിഹാര സംവിധാനം പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) ഔദ്യോഗിക വെബ്സൈറ്റില്‍ പരാതി പരിഹാര പ്രക്രിയ  വിശദീകരിക്കുകയും പരാതി  സമർപ്പിക്കുന്നതിനുള്ള സംവിധാനം  ഏർപ്പെടുത്തുകയും  ചെയ്തിട്ടുണ്ട്. ഇതിനായി  സംസ്ഥാന  തലത്തിൽ ഒരു ടോള്‍ ഫ്രീ നമ്പറും  പ്രവര്‍ത്തനക്ഷമമാണ്. ഇതിനു പുറമെ, പൊതുജനങ്ങളുടെയും പങ്കാളികളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിന് സാമൂഹിക  മാധ്യമങ്ങൾ സജീവമായി നിരീക്ഷിക്കും. ടോള്‍ ഫ്രീ നമ്പര്‍, വെബ്സൈറ്റ്, ഇമെയില്‍, സോഷ്യല്‍ മീഡിയ പേജുകള്‍, നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍  കെഎസ്ഡബ്ല്യുഎംപിയുടെയും പരാതിപ്പെട്ടികള്‍ എന്നിവയിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും.

പദ്ധതി, സേവന വിതരണ പ്രശ്നങ്ങള്‍ക്കായി മേല്പറഞ്ഞ  വഴി നല്‍കിയ പരാതികള്‍ എസ്പിഎംയു പരിശോധിക്കുകയും ഉചിതമായ മാര്‍ഗങ്ങളിലൂടെ അവ പരിഹരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള പദ്ധതി സംബന്ധിയായ പ്രശ്‌നങ്ങളും പരിഹരിക്കും.

ടോള്‍ ഫ്രീ നമ്പര്‍: 18004250238

ഇ-മെയില്‍: grmkswmp@gmailcom

മുഖ്യമന്ത്രിയുടെ പൊതു പരാതി പരിഹാര പോര്‍ട്ടല്‍: https://cmo.kerala.gov.in/

10. ഈ പദ്ധതിക്ക് നിശ്ചിത കാലപരിധിയുണ്ട്. പദ്ധതി കാലയളവ് അവസാനിച്ചാല്സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുസ്ഥിരമാണെന്ന് കെഎസ്ഡബ്ല്യുഎംപി എങ്ങനെ ഉറപ്പാക്കും?

പദ്ധതി കാലയളവ് ആറ്  വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഓരോ നഗരസഭകളിലും തയ്യാറാക്കപ്പെടുന്ന  ഖരമാലിന്യ പരിപാലന പദ്ധതികൾ അടുത്ത   25 വർഷകാലയളവിലെ മാലിന്യ  ഉത്പാദനം  കണക്കിലെടുത്ത് കൊണ്ടാണ് തയ്യാറാക്കുന്നത്.  പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന ഉപപദ്ധതികളും ഇത്തരത്തിൽ  തയ്യാറാക്കിയവയാണ്. ഈ സംവിധാനങ്ങള്‍ സുസ്ഥിരമായി   മുന്നോട്ട് കൊണ്ട് പോകുന്നതിന്  നഗരസഭകളുടെ  ശേഷീ  വികസനവും   പദ്ധതിയില്‍ ഉള്‍പ്പെടും. ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും പദ്ധതി കാലയളവ് കഴിഞ്ഞും  ഈ  സംവിധാനങ്ങളുടെ ഫലപ്രദമായ മേൽനോട്ടം ഉറപ്പാക്കുന്നുണ്ട്.

Social media & sharing icons powered by UltimatelySocial
Facebook
Twitter
YouTube
Skip to content